Site icon Malayalam News Live

500 രൂപയ്ക്ക് പെട്രോൾ അടിച്ചിട്ട് നൽകിയത് 300 രൂപ; മുഴുവൻ പണം ചോദിച്ചതിൻ്റെ പേരിൽ ആക്രമണം; പെട്രോൾ പമ്പ് ജീവനക്കാർക്കും ഇന്ധനം നിറയ്ക്കാൻ എത്തിയ മറ്റു വാഹനങ്ങളിലെ ആളുകൾക്കും പരിക്കേറ്റു; സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് രണ്ട് തവണ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. കൊല്ലം ചാത്തന്നൂരിലെ പമ്പിലായിരുന്നു സംഭവം. പ്രഹന്‍, ശ്യാം എന്നിവരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പമ്പിലെ ജീവനക്കാർക്കും ഇവിടെ ഇന്ധനം നിറയ്ക്കാൻ എത്തിയ മറ്റ് വാഹനങ്ങളിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്.

രാവിലെ പത്തരയോടെയും പിന്നീട് ഉച്ചയ്ക്ക് ശേഷവുമാണ് ആക്രമണമുണ്ടായത്. രാവിലെ കാറിൽ പമ്പിലെത്തിയവർ ഡോർ തുറക്കാതെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. 500 രൂപയുടെ പെട്രോൾ അടിച്ചു കഴിഞ്ഞപ്പോഴാണ് 300 രൂപയ്ക്ക് ആണ് വേണ്ടതെന്ന് പറഞ്ഞത്.
ഇതോടെ തർക്കമായി. പണം വേണമെന്ന് പറഞ്ഞപ്പോൾ പമ്പ് ജീവനക്കാരൻ ഗോകുലിനെ (19) മർദിച്ചു. നിലത്തുവീണ ഇയാളെ ചവിട്ടുകയും ചെയ്തു.

പിന്നീട് പമ്പിലെ മാനേജറും മർദനമേറ്റ ജീവനക്കാരനും പൊലീസിൽ പരാതി നൽകി. എന്നാൽ ഉച്ചയ്ക്ക് ശേഷം ഒന്നരയോടെ മറ്റ് ചിലരെയും കൊണ്ട് ഇവർ വീണ്ടുമെത്തി ജീവനക്കാരനെ തെരഞ്ഞുപിടിച്ചു മർദിച്ചു. ഈ സമയം പമ്പിലുണ്ടായിരുന്ന ഓട്ടോ ഡൈവർ അജീഷ്, ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിനും മ‍ർദനമേറ്റു. തലയിൽ ആഴത്തിൽ മുറിവേറ്റ അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version