Site icon Malayalam News Live

പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; റോഡില്‍ കസേരയിട്ടിരുന്ന് ഒന്നര മണിക്കൂറോളം തൊണ്ണൂറുകാരിയുടെ പ്രതിഷേധം

 

ഇടുക്കി: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ റോഡില്‍ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ബുധനാഴ്ച കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്.

പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായൻ കൂട്ടിച്ചേർത്തു.

പ്രതിഷേധത്തെ തുടർന്ന് റോഡില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച്‌ പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്‌പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.

 

 

Exit mobile version