Site icon Malayalam News Live

ഒരാഴ്ചയ്ക്കിടെ ചത്തത് 44 മയിലുകൾ; അതീവ ജാഗ്രതയിൽ കർണാടകയിലെ 33 ഗ്രാമങ്ങൾ

കർണാടകയിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. തുംകൂരു താലൂക്ക് പരിധിയിൽ വരുന്ന ബൊമ്മനഹള്ളി, മച്ചേനഹള്ളി എന്നിവിടങ്ങളിൽ ഏപ്രിൽ 16നും 24നും ഇടയിലാണ് മയിലകുകൾ ചത്തത്. കടുത്ത ചൂടാണ് പക്ഷികളുടെ മരണത്തിന് കാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ജഡങ്ങളിൽ നിന്നുള്ള സാംപിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആണ് പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് 33 ഗ്രാമങ്ങളിൽ 10 കിലോമീറ്റർ പരിധിയിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ അണുനാശിനി സ്പ്രേ ചെയ്യാനുള്ള നിർദേശവും അധികൃതർക്ക് നൽകിയിട്ടുണ്ട്. രോഗബാധ മറ്റ് പക്ഷികളിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തുംകൂരു ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശശിധരൻ ജിആർ അറിയിച്ചു. സമീപത്തെ കോഴിഫാമുകളാണ് വൈറസ് വ്യാപനത്തിൻ്റെ ഉറവിടമെന്നാണ് സംശയിക്കുന്നത്. കോഴിഫാം ഉടമകൾക്കും വ്യാപാരികൾക്കും ബോധവൽകരണം നടത്തിയ അധികൃതർ, പക്ഷികളുടെ സാംപിളുകൾ ശേഖരിക്കുന്ന നടപടികളിലേക്കും കടന്നു.

Exit mobile version