Site icon Malayalam News Live

ഡെങ്കിയുടെ പിടിയില്‍ പത്തനംതിട്ട; പനി ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍

പത്തനംതിട്ട: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി.

അതിശക്തമായ നടുവേദന, കണ്ണിനുപിറകില്‍ വേദന എന്നിവ വന്നാല്‍ ലക്ഷങ്ങള്‍ അവഗണിക്കാതെ ചികിത്സ തേടണമെന്ന് അറിയിച്ചു. രോഗം പിടിപെട്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണമെന്നും നിർദ്ദേശം.

മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു. പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിങ് നടത്താത്ത റബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.

ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്.
ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്.

അതിശക്തമായ നടുവേദന, കണ്ണിനുപിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്. സാധാരണ വൈറല്‍ പനി എന്നുകരുതി ചികിത്സിക്കാതെയിരുന്നാല്‍ രോഗം ഗുരുതരമാവാനും മരണത്തിനും കാരണമായേക്കാം. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളളതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണം.

Exit mobile version