Site icon Malayalam News Live

ഹൈദരബാദിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം വിമാനത്താവളത്തിൽ ലഗേജ് സ്കാൻ ചെയ്യുന്നതിനിടെ

ഹൈദരബാദിലെ ഷംസാബാദ് വിമാനത്താവളത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ലഗേജ് സ്കാനിങ്ങിനിടെയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. ശംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെടൽ വിഭാഗത്തിൽ ലഗേജ് സ്കാൻ ചെയ്യുന്നതിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. സംഭവം വലിയ രീതിയിൽ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി. പൊട്ടിത്തെറിക്ക് പിന്നാലെ ഛത്തീസ്ഗഡിലെ റായ്‌പൂരിലേക്ക് പോകാനിരുന്ന ലക്ഷ്മൺ പ്രസാദ് എന്ന യാത്രക്കാരനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

തുടർനടപടികൾക്കായി ഇദ്ദേഹത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സ്ഫോടനത്തെത്തുടർന്ന്, സുരക്ഷാ പരിശോധന പൂർത്തിയാകുന്നത് വരെ ആഭ്യന്തര വിമാനങ്ങൾ പുറപ്പെടുന്നത് നിർത്തിവെക്കാൻ എയർ ട്രാഫിക് കൺട്രോളിന് അധികൃതർ നിർദ്ദേശം നൽകി. ഡൊമസ്റ്റിക് ഡിപ്പാർച്ചർ കൗണ്ടറിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കരിഞ്ഞ നിലയിലുള്ള ഫോൺ കണ്ടതിനെത്തുടർന്ന് ബോംബാണോ എന്ന് സംശയം പ്രകടിപ്പിക്കുകയപം ഉടൻ തന്നെ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. സാങ്കേതിക തകരാർ മൂലമാണ് ഫോൺ കത്തിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ലിഥിയം അയൺ ബാറ്ററികളിലെ തകരാറുകൾ മൂലമുണ്ടാകുന്ന അപകടമാണ് പൊട്ടിത്തെറിയെന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസ് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Exit mobile version