Site icon Malayalam News Live

പാർവ്വതി പുത്തനാറില്‍ ഒഴുകി നടക്കുന്ന നിലയില്‍ വയോധികയുടെ മൃതദേഹം

തിരുവനന്തപുരം: കഴക്കൂട്ടത്ത് പാർവ്വതി പുത്തനാറില്‍ ഒഴുകി നടക്കുന്ന നിലയില്‍ വയോധികയുടെ മൃതദേഹം.

മേനംകുളം കല്‍പന കോളനി സ്വദേശി 72 കാരിയായ ലളിതയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഒഴുകി നടക്കുന്ന മൃതദേഹം കണ്ടത്.
മാനസികാസ്വാസ്ഥ്യമുള്ള ഇവർ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഭർത്താവിനൊപ്പം ആറിന് കരയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നതായി ഭർത്താവ് പറഞ്ഞു.

ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കായിരുന്നു ലളിത വീട്ടിലേക്ക് മടങ്ങിയത്.

വരുന്ന വഴിക്ക് കാല്‍തെറ്റി പാർവതിപുത്തനാറിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പതിവ് പോലെ രാവിലെ ലളിതയെ കാണാനെത്തിയ ബന്ധുക്കള്‍ വീട്ടുപരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടില്ല.

മാനസിക പ്രശ്നമുള്ളതിനാല്‍ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഒൻപതരയോടെ പാർവ്വതി പുത്തനാറില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

പിന്നാലെ കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.

Exit mobile version