Site icon Malayalam News Live

ഇന്ത്യക്ക് ശുഭവാര്‍ത്ത; മെഡല്‍ പ്രതീക്ഷയുമായി മനു ഭാകര്‍ വനിതാ ഷൂട്ടിംഗ് ഫൈനലില്‍

പാരീസ്: വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മനു ഭാകർ ഫൈനലില്‍ കടന്നു.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ വിഭാഗത്തിലാണ് വനിതാ ഷൂട്ടിംഗ് സെൻസേഷൻ മനു ഭാകർ ഫൈനലില്‍ കടന്നത്. പത്ത് മീറ്റർ എയർ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ ആദ്യമായി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന താരം എന്ന നേട്ടവും മനു ഭാകർ സ്വന്തമാക്കി.

യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തെത്തിയ താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ മൂന്നു വിഭാഗങ്ങളില്‍ മത്സരിച്ച താരത്തിന് ഒന്നില്‍ പോലും ഫൈനലില്‍ എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ആദ്യമത്സരത്തില്‍ തന്നെ ഫൈനലില്‍ കടക്കാൻ കഴിഞ്ഞത് നേട്ടമായി. നാളെ വൈകിട്ട് 3.30നാണ് ഫൈനല്‍ പോരാട്ടം.

അതേസമയം ഷൂട്ടിംഗ് 10 മീറ്റർ എയർറൈഫിള്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്‌ക്ക് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യയ്‌ക്കായി സന്ദീപ് സിംഗ് – എളവേണിയില്‍ വളറിവാൻ, അർജുൻ ബാബുട്ട – രമിത ജിൻഡാല്‍ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോഗ്യത റൗണ്ടില്‍ നിന്ന് മുന്നേറാനായില്ല.

സന്ദീപ് സിംഗ് – എളവേണിയില്‍ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട – രമിത ജിൻഡാല്‍ സഖ്യം ആറാം സ്ഥാനത്തുമെത്തി. ആദ്യ നാലിലെത്തുന്നവരാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുക. അർജുൻ ബാബുട്ട – രമിത ജിൻഡാല്‍ സഖ്യം 628.7 പോയന്റും സന്ദീപ് സിംഗ് – എളവേണില്‍ വളറിവാൻ സഖ്യം 626.3 പോയന്റും നേടി.

Exit mobile version