Site icon Malayalam News Live

പണിയ്ക്ക് ശേഷം അടുത്ത ചിത്രം പ്രഖ്യാപിച്ച് ജോജു ജോര്‍ജ്; പരിപാടി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും

പണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ജോജു ജോർജ്. ‘പരിപാടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടന്‍ ജോജു ജോര്‍ജ് ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ആണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുന്ന ചിത്രത്തിന്റെ ആക്ടര്‍സ് ഗ്രൂമിങ് പ്രോഗ്രാമും കഴിഞ്ഞ 3 മാസമായി നടക്കുകയായിരുന്നു. 2018, രേഖാചിത്രം, ആട് 3 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ചിത്രം കൂടിയാണ് പരിപാടി.

2024ല്‍ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’ ഗംഭീര ബോക്സോഫീസ് കളക്ഷൻ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയില്‍ ‘പരിപാടി’ വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കും. ടോക്‌സിക് ഉള്‍പ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങള്‍ക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകന്‍ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ് സംഘട്ടനം ഒരുക്കുന്നു എന്നതും ‘പരിപാടി’യുടെ ഹൈലൈറ്റ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളില്‍ ആണ് ചിത്രം റിലീസിനെത്തുക.

Exit mobile version