Site icon Malayalam News Live

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; ട്വിസ്റ്റുകൾക്കൊടുവിൽ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാല്‍ നാട്ടിലെത്തി , കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയായതോടെ വിദേശത്തേക്ക് കടന്ന രാഹുല്‍ പി. ഗോപാല്‍ നാട്ടിൽ തിരിച്ചെത്തി.
കേസില്‍ ഒന്നാംപ്രതിയായ രാഹുല്‍ ഓഗസ്റ്റ് 14-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.
കൊലപാതകശ്രമം, ഗാർഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍.
രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസർ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുമായുള്ള എല്ലാപ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കാൻ രാഹുല്‍ ഹർജി സമർപ്പിച്ചത്.
പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഭർത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
രാഹുല്‍ കഴുത്തില്‍ വയർ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. ‘അടുക്കള കാണല്‍’ ചടങ്ങിന് പോയസമയത്താണ് മർദനമേറ്റ വിവരമറിഞ്ഞതെന്നും തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ വീട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍, സംഭവം നടന്ന് ഒരുമാസം തികയുംമുൻപേ പരാതിക്കാരി താൻ നേരത്തെ ഉന്നയിച്ച പരാതിയില്‍നിന്ന് പിന്മാറി.
നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും യുവതി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുല്‍ തന്നെ മർദിച്ചതെന്നതടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
രാഹുലിനൊപ്പം ഒരുമിച്ച്‌ ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു.

Exit mobile version