Site icon Malayalam News Live

ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ പുതിയ വാർഡുകളുടെയും ഡിവിഷന്റെയും എണ്ണം നിശ്ചയിച്ച് സർക്കാരിന്റെ വിജ്ഞാപനം; 941 ഗ്രാമപ്പഞ്ചായത്തുകളിലായി 1,375 വാർഡുകൾ കൂടി വർധിപ്പിക്കും; ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടും; ബ്ലോക്ക് പഞ്ചായത്തുകളിലെ 2,080 വാർഡുകൾ 2,267 ആകും

തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ മാത്രം 1,577 ജനപ്രതിനിധികൾ പുതുതായി കടന്നുവരും.

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ പുതിയ വാർഡുകളുടെയും ഡിവിഷന്റെയും എണ്ണം നിശ്ചയിച്ച് സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെയാണ് 1,577 പുതിയ ജനപ്രതിനിധികൾക്കു കളമൊരുക്കി എണ്ണം വർധിപ്പിച്ചത്.

941 ഗ്രാമപ്പഞ്ചായത്തുകളിലായി 1,375 വാർഡുകൾ കൂടി വർധിപ്പിക്കും. ആകെ 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,080 വാർഡുകൾ 2,267 ആകും. ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടും.

തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഡിവിഷനുമാണു വർധിക്കുക. തദ്ദേശവകുപ്പ് ഡയറ്കടർ (റൂറൽ) ആണു വർധിപ്പിക്കേണ്ട വാർഡുകളുടെ എണ്ണവും അവയിൽ വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകൾ എത്രയെന്നും നിശ്ചയിച്ചു വിജ്ഞാപനം ഇറക്കിയത്.

ഇനി നഗരസഭകളുടെയും കോർപറേഷനുകളുടെയും വാർഡ് നിർണയ വിജ്ഞാപനം കൂടി പുറത്തിറങ്ങാനുണ്ട്. 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു വാർഡ് പുനർവിഭജനം.

Exit mobile version