Site icon Malayalam News Live

കോട്ടയത്തെ സ്മാർട് വില്ലേജ് ഓഫിസുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് പനച്ചിക്കാട്

കോട്ടയം: ജില്ലയിലെ സ്മാർട് വില്ലേജ് ഓഫിസുകളുടെ പട്ടികയിൽ പനച്ചിക്കാടും സ്ഥാനം പിടിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായാണ് നിയോജക മണ്ഡലത്തിൽ ഒരു ഓഫിസ് കൂടി സ്മാർട്ടാകുന്നത്. 4 വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കാൻ ശുപാർശ സമർപ്പിച്ചിരുന്നു. ഒരെണ്ണത്തിനു മാത്രമാണ് അനുമതി ലഭിച്ചത്.

ജില്ലയിലെ മറ്റ് സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഏകീകൃത രൂപത്തിൽ തന്നെയാകും നിർമാണം. സ്ഥലം പരിശോധിച്ച് പ്ലാനും എസ്റ്റിമേറ്റും പിന്നീട് തയാറാക്കും. 25 വർഷത്തെ പുരോഗതി കൂടി മുന്നിൽക്കണ്ടാണ് രൂപകൽപന. മറ്റ് വില്ലേജ് ഓഫിസുകളെ മാതൃകയാക്കിയാൽ പുതിയ ഓഫിസിന് 1,200 ചതുരശ്ര അടി സ്ഥലം ഉണ്ടാകും. പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഇടം, ശുചിമുറി, ശുദ്ധജലം, ജീവനക്കാർക്ക് ഹാഫ് ഡോർ കാബിൻ, രേഖകൾ സൂക്ഷിക്കാൻ ഇ–ഫയലിങ് സംവിധാനം, പൊതുജനങ്ങൾക്ക് അപേക്ഷാഫോം പൂരിപ്പിക്കാൻ പ്രത്യേക ഇടം.

കെട്ടിടത്തിന്റെ മുറ്റത്ത് പൂന്തോട്ടം. അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ജില്ലയിലെ പഴക്കമുള്ള വില്ലേജ് ഓഫിസുകളിലൊന്നാണ്. വലിയ ഒറ്റമുറിയിലാണ് ഇപ്പോഴത്തെ കെട്ടിടം. അസൗകര്യങ്ങളുടെ കൂടാരമാണ്. റെക്കോർഡുകൾ ശരിയായി സൂക്ഷിക്കാൻ പോലും ഇടമില്ല.

പരുത്തുംപാറ – ചിങ്ങവനം റോഡിൽ സദനം കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ 7–ാം വാർഡിലാണ് ഓഫിസ്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു വേഗത്തിൽ സേവനം നൽകാനാണു സ്മാർട്ട് വില്ലേജ് ഓഫിസുകൾ സ്ഥാപിക്കുന്നത്. ഇതിനായി പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കണമെന്നാണ് നിർദേശം.

അത്യാവശ്യ ഘട്ടങ്ങളിൽ രാപകൽ സേവനത്തിനു സ്മാർട്ട് വില്ലേജ് ഓഫിസുകളെ ഉപയോഗപ്പെടുത്തണമെന്നും നിർദേശമുണ്ട്. ദുരന്തനിവാരണം, ദുരിതാശ്വാസം എന്നിങ്ങനെ റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യം മുഴുവൻ സമയവും ആവശ്യമുള്ള വില്ലേജുകളെയാണു രാപകൽ സേവന പദ്ധതിക്കായി തിര‍ഞ്ഞെടുത്തിട്ടുള്ളത്.

Exit mobile version