Site icon Malayalam News Live

പമ്പ സ്പെഷല്‍ സര്‍വീസുകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ ; വര്‍ഷങ്ങളായി നല്‍കിയിരുന്ന ഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചതാണു കാരണം.

 

കോട്ടയം :പമ്പ സ്‌പെഷല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമാണു നടപടി എന്നാണ് ഡിപ്പോ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വര്‍ഷങ്ങളായി എരുമേലി വഴി കോട്ടയം- പമ്പ സര്‍വീസ് രണ്ട് റൗണ്ട് ട്രിപ്പ് പോയി വരുമ്പോൾ മൂന്നു ഡ്യൂട്ടിയും 110 രൂപ സ്‌പെഷല്‍ അലവന്‍സുമാണു നല്‍കിയിരുന്നത്.

എന്നാല്‍ ഇത് ഏകപക്ഷീയമായി രണ്ട് ഡ്യൂട്ടിയായി കുറച്ചതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. ഒരു എരുമേലി-നിലയ്ക്കല്‍ ട്രിപ്പ് പോയി കോട്ടയത്തു തിരികെ എത്താൻ ഏകദേശം 18 മുതല്‍ 20 മണിക്കൂര്‍ വരെ എടുക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.

എരുമേലി മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കും പമ്ബയില്‍ ദീപാരാധനയ്ക്കു ശേഷം അയ്യപ്പഭക്തര്‍ മലയിറങ്ങി വരുന്നതുവരെ കാത്തുകിടക്കേണ്ടി വരുന്നതുമാണ് ഇതിനു കാരണം. 2016-ല്‍ പമ്ബ സ്‌പെഷല്‍ സര്‍വീസ് സംബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി ഇറക്കിയ ഓര്‍ഡറാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

കാലാനുസൃതമായി ഡ്യൂട്ടി പാറ്റേണും അലവന്‍സുകളും പരിഷ്‌കരിക്കാത്തതാണു പ്രധാന കാരണമെന്നു ജീവനക്കാര്‍ ചൂണ്ടികാണിക്കുന്നു. ഏകദേശം 36 മണിക്കൂറോളം ജോലി ചെയ്താല്‍ മാത്രമാണ് രണ്ടു ഡ്യൂട്ടി നിലവില്‍ ലഭിക്കുക. ഇത്തരത്തില്‍ തുടരാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി ഡ്രൈവറെ റെയില്‍വേ സ്‌റ്റേഷനുള്ളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചിരുന്നു. സുരക്ഷിതമായി സര്‍വീസ് നടത്താന്‍ സാഹചര്യം ഒരുക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

പമ്പ സര്‍വീസ് കുത്തഴിഞ്ഞ രീതിയില്‍ ആണെന്നും അതിനു പ്രധാന കാരണം ഡിപ്പോ അധികൃതരുടെ അലംഭാവം ആണെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. മുന്‍കാലങ്ങളിലെ പോലെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും അല്ലെങ്കില്‍ സര്‍വീസുകള്‍ ബഹിഷ്‌ക്കരിക്കുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്

 

 

Exit mobile version