Site icon Malayalam News Live

പള്ളിക്കത്തോട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിക്കത്തോട്: യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ആനിക്കാട് മുണ്ടൻകവല ഭാഗത്ത് ചാത്തനാംപതാൽ വീട്ടിൽ രാഹുൽ ബാബു (28) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒമ്പതാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ആനിക്കാട് സ്വദേശിയായ യുവാവിനെ മുണ്ടൻ കവല ഭാഗത്ത് വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുണ്ടൻ കവല ഭാഗത്ത് വച്ച് യുവാവ് തന്റെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന സമയം ഇവർ യുവാവിനെ ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും , മരക്കമ്പുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. ആക്രമണത്തിൽ യുവാവിന്റെ വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു.

ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എൻ, എ.എസ്.ഐ മാരായ റെജി, ജയരാജ്, സി.പി.ഓ മാരായ സുഭാഷ്, പ്രദോഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Exit mobile version