Site icon Malayalam News Live

‘നോമ്പെടുക്കുന്നതിനാൽ നമ്മൾ വെള്ളം കുടിക്കില്ലായിരിക്കും പക്ഷെ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്’; പാളയം ഇമാം

ഭിന്നിപ്പിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അതിനെ സാഹോദര്യവും സ്‌നേഹവും കൊണ്ട് അതിജീവിക്കണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന പാളയം ഇമാമിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. മുന്‍ വര്‍ഷങ്ങളിലും ആറ്റുകാല്‍ പൊങ്കാലയിടാനെത്തുന്നവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ ഉള്‍പ്പെടെ സാഹചര്യത്തിലാണ് താന്‍ ചില നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്ന് പാളയം ഇമാം പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലും പൊങ്കാലയിടുന്നവര്‍ക്കായി മസ്ജിദുകളിലും വീടുകളിലും സൗകര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശുചിമുറികളും കമ്മ്യൂണിറ്റി ഹാളുകളും ഇവര്‍ക്കായി തുറന്നുനല്‍കാറുണ്ട്. റമാദില്‍ വേറൊരു ടൈം ടേബിള്‍ പിന്തുടരുന്നതിനാലാണ് ഇത്തവണ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കൂടുതല്‍ സ്‌നേഹം പങ്കുവയ്‌ക്കേണ്ട മാസമായതിനാല്‍ കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കണം. നമ്മള്‍ നോമ്പെടുത്ത് വെള്ളം കുടിക്കാതിരിക്കുകയാകും. പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നാണ് താന്‍ പറഞ്ഞത്. ജാതിമതഭേദമില്ലാത്ത സാഹോദര്യത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുദര്‍ശനം ഉള്‍ക്കൊണ്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താം. ഇസ്ലാമോഫോബിയ ലോകത്ത് ശക്തിപ്പെടുമ്പോള്‍ ഇസ്ലാമിക ജീവിതം നയിച്ചുകൊണ്ട് തന്നെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും അതിനെ പരാജയപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version