Site icon Malayalam News Live

പള്ളിയിലും അമ്പലത്തിലും ഒരേ രാത്രി, മോഷണം നടത്തി മുങ്ങിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പാലക്കാട് ലോഡ്ജിൽ നിന്നാണ് പിടികൂടിയത്

മലപ്പുറം : പള്ളിയിലും അമ്ബലത്തിലും ഒരേ രാത്രി മോഷണം നടത്തി മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം. കരുവാരകുണ്ട് പുല്‍വെട്ടയിലെ ചെല്ലപ്പുറത്ത് ദാസൻ എന്ന മുത്തുദാസ് (46) ആണ് പിടിയിലായത്. താനൂർ ശോഭപറമ്ബ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും തൊട്ടടുത്തുള്ള നടക്കാവ് മുഹ്യുദ്ദീൻ ജുമാ മസ്ജിദിലും ഭണ്ഡാരങ്ങള്‍ പൊളിച്ച്‌ പണം എടുക്കുകയായിരുന്നു.

സംഭവമറിഞ്ഞ ഉടനെ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാനായി.

രണ്ട് സ്ഥലങ്ങളിലെയും സിസിടിവികളില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമല്ലായിരുന്നു. മോഷ്ടാവ് ട്രെയിനില്‍ വന്നിറങ്ങിയാണ് മോഷണം നടത്തിയത്. എന്നിട്ട് ട്രെയിനില്‍ തന്നെ ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷം പാലക്കാടെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, എസ്‌ഐമാരായ എൻ ആർ സുജിത്, സുകീഷ്, എഎസ്‌ഐ സലേഷ്, ലിബിൻ, സെബാസ്റ്റ്യൻ സുജിത്, താനൂർ ഡാൻസഫ് എസ്.ഐ പ്രമോദ്, അനീഷ്, ബിജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version