Site icon Malayalam News Live

പാലക്കാട്ടെ തോല്‍വി, തിരിച്ചടി കെ സുരേന്ദ്രന്? ഉത്തരവാദിത്തം ചാരി പാര്‍ട്ടിയില്‍ കലാപക്കൊടി

തിരുവനന്തപുരം: ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പൻ തോല്‍വി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്.

തോല്‍വിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയില്‍ കലാപക്കൊടി. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഇനി ശക്തമാകും.

”തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്” എന്നായിരുന്നു രണ്ട് ദിവസം മുൻപുള്ള കെ സുരേന്ദ്രൻ്റെ എഫ്ബി പോസ്റ്റ്. പക്ഷെ സംസ്ഥാനത്തെ ബിജെപിയുടെ ഗോള്‍ഡൻ എ പ്ലസ് സീറ്റില്‍ സുരേന്ദ്രൻ്റെ എല്ലാ കണക്കുകളും പൊളിഞ്ഞു.

സ്വന്തം നോമിനിയെ സ്ഥാനാർത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം. പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു.

സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാൻ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രൻ്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. താനാവശ്യപ്പെട്ട ശോഭയെ നിർത്താതിനാല്‍ സുരേഷ് ഗോപിയും സജീവമായില്ല. ഇടതിനെ കടന്നാക്രമിക്കാതെ യുഡിഎഫിനെ മുഖ്യശത്രുവാക്കിയുള്ള തന്ത്രം പാളിയെന്ന് മാത്രമല്ല, ഡീല്‍ ആക്ഷേപത്തിന് അത് യുഡിഎഫിന് ഇന്ധനവുമേകി.

Exit mobile version