Site icon Malayalam News Live

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം ; അപകടം അമിതവേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിച്ചു കയറി; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്. ഒരാളെയും കൂടെ തിരിച്ചറിയാനുണ്ട്. . കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയിൽ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയിൽ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. അപകടം സംഭവിച്ചയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാർ അമിത വേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികൾ നാളെ ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.

Exit mobile version