Site icon Malayalam News Live

പാലാ നഗരസഭാ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക് ട്രാക്ക് ഉടൻ മാറ്റി സ്ഥാപിക്കും; സംസ്ഥാന ബജറ്റിൽ അനുവദിച്ച 7 കോടി ഉപയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക് ട്രാക്ക് ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ. സംസ്ഥാന ബജറ്റിൽ അനുവദിച്ച 7 കോടി ഉപയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ജോസ് കെ.മാണി എംപി, തോമസ് ചാഴികാടൻ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ധരിപ്പിച്ചതിനെ തുടർന്നാണ് ബജറ്റിൽ തുക അനുവദിച്ചത്.

ജോസ് കെ.മാണി എംപിയുടെ നിരന്തരമായ ഇടപെടലിലൂടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുകയും ടെൻഡർ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ വനിത വികസന കോർപറേഷന് കൈമാറി കുറഞ്ഞ നിരക്കിൽ വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കും.

നഗരസഭ സ്റ്റേഡിയത്തിൽ ജോസ് കെ.മാണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഓപ്പൺ ജിം ഉടൻ തുറക്കും. കുമാരനാശാൻ പാർക്കിൽ പുതിയ റൈഡുകൾ സ്ഥാപിക്കും. കുമാരനാശാന്റെ പ്രതിമയും സ്ഥാപിക്കും. ജനറൽ ആശുപത്രി റോഡിന്റെ ഓടയ്ക്ക് സ്ലാബിട്ട് രണ്ടു വരി ഗതാഗതം ഉറപ്പാക്കും. ബജറ്റ് വിഹിതം ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ ടാർ ചെയ്യും. ജനറൽ ആശുപത്രിയിൽ കാൻസർ സെന്റർ കെട്ടിട നിർമാണം ഉടൻ ആരംഭിക്കും.

സമീപ പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്ന് തുക ലഭ്യമാക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. ഇതിനു സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ആശുപത്രി വികസനത്തിന് 4 കോടിയിലേറെ രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തി രോഗി സൗഹൃദ ആശുപത്രിയാക്കി മാറ്റും. ടൗണിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ‍ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തി ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും.

ടൗൺ ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് അമിനിറ്റി സെന്റർ പരിപാലിക്കാനുള്ള അവകാശം വിട്ടു തരാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശുചിമുറികളുടെ അറ്റകുറ്റപ്പണി നടത്തി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നഗരസഭയിലെ ഭരണ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ അദാലത്തുകൾ നടത്തുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.

Exit mobile version