Site icon Malayalam News Live

കോട്ടയം പാല സെൻ്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര പ്രദർശന മേളയായ ‘ലൂമിനാരി’യുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 ന്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്രപ്രദർശന മേളയായ ലൂമിനാരിയായുടെ ഉദ്ഘാടനം പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ ഇന്നു വൈകുന്നേരം 6 – ന് ‘നിർവ്വഹിക്കും. 26-ന് സമാപിക്കും.

ആയിരത്തിയിരുന്നൂറോളം വിദ്യാലയങ്ങൾ, എൻജിനീയറിങ് കോളേജുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ള ഒരു ലക്ഷത്തോളം വരുന്ന ആളുകളാണ് വരുന്ന എട്ട് ദിനങ്ങളിലായി സെൻതോമസ് കോളേജിലെത്തുന്നത്.

വിക്രം സാരാഭായ് സ്പേസ് സെന്റർ ഒരുക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ പി. എസ്. എൽ. വി, ജി. എസ്. എൽ.വി, മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ മാതൃകകളും ഉണ്ടായിരിക്കും.മെഡക്സ്, മോട്ടോ എക്സ്പോ, പുസ്തകമേള, സാഹിത്യോത്സവം, പുരാവസ്തു പ്രദർശനം, പെറ്റ് ഷോ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാർഷികമേള, കേരള വനം വകുപ്പിന്റെ വിവിധ സ്റ്റാളുകൾ, സ്നേക്ക് റെസ്ക്യൂ പരിശീലനം, ഫുഡ് ഫെസ്റ്റ്, ഫാഷൻ ഷോ, ഇന്റർ കോളേജ് ഡാൻസ് മത്സരം, പെയിന്റിംഗ് ബിനാലെ, കയാക്കിംഗ്, കരകൗശല വസ്തുക്കളുടെയും മൺപാത്രങ്ങളുടെയും തൽസമയ നിർമ്മാണവും പ്രദർശനവും, പ്ലാനറ്റോറിയം, റോബോട്ടിക് ഗെയിമുകൾ, കിഡ്സ് പാർക്ക്, സാഹസിക കായിക വിനോദങ്ങൾ, ഫൺ ഗെയിംസ്, ചലച്ചിത്രോത്സവം, കേരള ആർക്കിയോളജിക്കൽ വകുപ്പിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു പ്രദർശനം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കേരളത്തിലെ ഏറ്റവും വിപുലവും വൈവിധ്യപൂർണ്ണവുമായ വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര പ്രദർശന മേളയാണ് പാലാ സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്നത്.

ഭാഷയെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന മലയാള വിഭാഗത്തിന്റെ കാവും കളമെഴുത്തും, ഇംഗ്ലീഷ് വിഭാഗത്തിന്റെ സിനിമ കൊട്ടകയും, ഹിന്ദി വിഭാഗത്തിന്റെ ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ ആവിഷ്കാരവും മേളയെ കൂടുതൽ ജനകീയമാക്കുന്നു.ഔഷധ സസ്യ പ്രദർശനം, സിദ്ധവൈദ്യം, ആയുർവേദം തുടങ്ങിയ ചികിത്സാ ശാഖകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, മെഡിക്കൽ എക്സിബിഷൻ മുതലായവ ബയോ കെമിസ്ട്രി വിഭാഗം ഒരുക്കുന്നു. ബോട്ടണി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ മ്യൂസിയവും , ഹെർബേറിയവും, ജപ്പാൻ കരകൗശല വിദ്യയായ”കൊക്കെഡാമ” മാതൃകയിലുള്ള സസ്യ പ്രദർശനവും സജജീകരിക്കുന്നു.

റോബോട്ടിക് സാധ്യതകളെ പരിചയപ്പെടുത്തുന്ന ഫിസിക്സ് വിഭാഗത്തിൻ്റെ സ്റ്റാളും, അപ്ലൈഡ് മൈക്രോ ബയോളജി വിഭാഗത്തിൻ്റെ മൈക്രോസ്‌കോപ്പ് സ്റ്റേഷനും,ബയോടെക്നോളജി വിഭാഗത്തിൻ്റെ മഷ്റൂംഫാമിംഗ് എക്സിബിഷനും, ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി വിഭാഗത്തിൻ്റെ ഫുഡ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബും, കെമിസ്ട്രി വിഭാഗത്തിൻ്റെ രസതന്ത്ര വിജ്ഞാന പ്രദർശനവും മേളയുടെ ഭാഗമായി ഒരുങ്ങുന്നു.

സെന്റ് തോമസ് കോളേജിനെ ലോക പ്രശസ്തിയിലേക്ക് ഉയർത്തിയ വിഖ്യാതരായ കായിക പ്രതിഭകളുടെ നേട്ടങ്ങളും വിവരങ്ങളും ഉൾക്കൊള്ളിച്ച പ്രദർശനം, വിവിധതരം കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രദർശനം എന്നിങ്ങനെ കായിക ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട കാഴ്ചകളാണ് കായിക വിഭാഗം ക്രമീകരിച്ചിരിക്കുന്നത്.

ഇതുകൂടാതെ ഹിസ്റ്ററി വിഭാഗത്തിൻ്റെ കോവിഡ് മ്യൂസിയവും, ഇക്കണോമിക്സ് , പൊളിറ്റിക്സ്,കൊമേഴ്സ്,പ്രിൻ്റിംഗ്ടെക്നോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,ഗണിതശാസ്ത്ര വിഭാഗങ്ങൾ ഒരുക്കുന്ന വൈവിധ്യമാർന്ന പ്രദർശന ശാലകളും ഒരുങ്ങുന്നു
കരകൗശല വിദ്യയുടെ വൈദഗ്ദ്ധ്യത്തെ സന്ദർശകർക്ക് നേരിട്ട് കാണാൻ അവസരമൊരുക്കുന്ന Pottery, Bamboo Craft മേളകളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പങ്കെടുക്കുന്നത്. മൺപാത്രങ്ങൾ, വിവിധ തരത്തിലുള്ള മുളയുല്പന്നങ്ങൾ, കൗതുക വസ്തുക്കൾ എന്നിവയുടെ തത്സമയ നിർമ്മാണം കാഴ്ചയുടെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. അക്വപോണിക്സ്, ഹൈഡ്രോപോണിക്സ്‌ ഉൾപ്പെടെയുള്ള ആധുനിക കൃഷി രീതികളെ പരിചയപ്പെടുത്തുന്ന പ്രവർത്തന മാതൃകകളും വിവിധയിനം വിത്തിനങ്ങളെ പരിചപ്പെടുത്തുന്ന ക്രോപ് മ്യൂസിയവും കോളേജിലെ സസ്റ്റയിനബിൾ അഗ്രിൾച്ചർ വിഭാഗമാണ് ഒരുക്കിയിരിക്കുന്നത്.

ആഘോഷ കമ്മറ്റി ഭാരവാഹികളായ സിബി ജയിംസ്, ഫാ. സാൽവിൻ കെ. തോമസ്, ആഷിഷ് ജോസഫ്, സിജു ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Exit mobile version