Site icon Malayalam News Live

പാലായിൽ അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

പാലാ: അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയിൽ വീട്ടിൽ ബിജു ഇ.റ്റി (49), ഇടപ്പാടി ഒറ്റത്തെങ്ങുങ്കൽ വീട്ടിൽ ബിജു തങ്കപ്പൻ (56) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം രാത്രിയോട് കൂടി ഇടപ്പാടി സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും പിതാവിനെയും കാപ്പി വടിയും, സിമന്‍റ് കട്ടയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഇവർക്ക് ഗൃഹനാഥനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ചത്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ബിജു ഇ.റ്റി പാലാ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Exit mobile version