Site icon Malayalam News Live

ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍; തനിക്കിഷ്ടമുള്ളത് പറയുമെന്ന് മറുപടി; പൊതുവേദിയില്‍ പി സി ജോര്‍ജ്ജും പൂഞ്ഞാര്‍ എംഎല്‍എയുമായി വാക്കേറ്റം

പൂഞ്ഞാർ: പൂഞ്ഞാർ എം.എല്‍.എ. സെബാസ്റ്റ്യൻ കുളത്തുങ്കലും പി.സി. ജോർജും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം.

പൂഞ്ഞാർ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് പൂഞ്ഞാർ മുൻ എംഎല്‍എയും ഇപ്പോഴത്തെ എംഎല്‍എയും തമ്മില്‍ വാക്കുതർക്കമുണ്ടായത്.

മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ മന്ത്രിയെ കണ്ട സംഭവം പ്രസംഗത്തിനിടെ പി സി ജോർജ്ജ് പരാമർശിച്ചതാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ചൊടിപ്പിച്ചത്.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ സാന്നിധ്യത്തിലായിരുന്നു പൂഞ്ഞാർ എംഎല്‍എയും മുൻ എംഎല്‍എയും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൊടുത്ത വാർത്ത പത്രങ്ങളില്‍ കണ്ടപ്പോള്‍ വിഷമംതോന്നി എന്നായിരുന്നു പ്രസംഗത്തിനിടെ പി.സി.ജോർജ്ജിന്റെ പരാമർശം.

ഉടൻ തന്നെ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ ഇടപെടുകയായിരുന്നു. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയുടെ നിലപാട്.

എന്നാല്‍, എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോർജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടിയതോടെ തർക്കം മുറുകി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒ.പി.യില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ടുകിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും ജോർജ് പറഞ്ഞു. സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.

Exit mobile version