ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു.
മൂഡ്‌എക്സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീല്‍, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ലഭിച്ച നിരവധി പരാതികളെത്തുടർന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് പൂട്ടിട്ടതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഡിജിറ്റല്‍ ഇടങ്ങളിലെ നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന, ഇൻഫർമേഷൻ ടെക്നോളജി ആക്‌ട്, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്, 2021 (IT Rules, 2021) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി സ്വീകരിച്ചത്.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം 2025 ഫെബ്രുവരിയില്‍ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തില്‍ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും നഗ്നതാ പ്രദർശനവും അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നതായാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം നിരോധിച്ച അഞ്ച് പ്ലാറ്റ്‌ഫോമുകളും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
