Site icon Malayalam News Live

ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.

 

സൗജന്യ യാത്ര നല്‍കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ബസാക്കി മാറ്റിയെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. എന്നാല്‍ സിറ്റി ഫാസ്റ്റുകള്‍ ഓര്‍ഡിനറിയായി ഉപയോഗിക്കേണ്ടി വന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ചരിത്രപരമായ യുഡിഎഫിന്റെ ഈ പദ്ധതിയുടെ ശോഭ കെടുത്തുന്നതിനാണ് ചിലര്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ചില ബസുകളില്‍ പുതുതായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകള്‍ പതിക്കുന്നന്നൊയിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. അനന്തപുരി ഉള്‍പ്പെടെയുള്ള ചില ബസുകള്‍ സിറ്റി ഫാസ്റ്റുകളെന്ന് മനസിലാക്കാനാണ് ഈ സ്റ്റിക്കറുകളും ബോര്‍ഡുകളും വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകള്‍ മറുപടിയും നല്‍കിയിരുന്നു. വിഷയം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാവുന്ന ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകളും പതിച്ചിട്ടുണ്ടായിരുന്നു.

 

ഇത് കൂടാതെ മറ്റ് ചില വ്യാജ പ്രചാരണങ്ങളും സര്‍ക്കാരിനെതിരെ നടക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സ്ഥാപനങ്ങള്‍ ഫീസ് കൂട്ടി എന്നതായിരുന്നു ഒരു പ്രചാരണം. കഴിഞ്ഞ സര്‍ക്കാരാണ് ഫീ കൂട്ടിയതെന്നും ഈ സര്‍ക്കാര്‍ ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും മുഖ്യമമന്ത്രി പറഞ്ഞു. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയാക്കി ഈ സര്‍ക്കാരെന്നും സിപിഐഎംകാര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി കത്തിടപാടുകള്‍ നടത്തിയത് കഴിഞ്ഞ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version