തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരില്‍ പോലീസ് പുതിയ പദ്ധതി ആരംഭിക്കും.
പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം നല്‍കും. സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ജൂണ്‍ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തില്‍ സമൂല മാറ്റം വരുത്താൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
പൊലീസ് സേന ജനങ്ങള്‍ക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് അപകടങ്ങള്‍ കുറച്ചു കൊണ്ടുവരാൻ കൂടുതല്‍ സംവിധാനങ്ങള്‍ രൂപീകരിക്കാൻ തീരുമാനിച്ചു. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പോലീസ് ട്രെയിനിങ് സിലബസില്‍ മാറ്റം വരുത്തും. ഓപ്പറേഷൻ കുബേര അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടവയാണ്. നിലവില്‍ ആദ്യപരിഗണന ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ടിനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നവ കേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും റിപ്പോർട്ട് വന്ന ശേഷം നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരാണെങ്കിലും സംരക്ഷിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
