ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇനി ‘തള്ളിക്കയറ്റം’ നടക്കില്ല; വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു; നിയന്ത്രണം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച്‌ മദ്രാസ് ഹൈക്കോടതി.

ഈ വർഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക. ഊട്ടിയിലേക്ക് വാരാന്തങ്ങളില്‍ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളില്‍ 6,000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ.
കൊടൈക്കൈനാലില്‍ ഇത് യഥാക്രമം 6,000 വണ്ടികള്‍ക്കും 4,000 വണ്ടികള്‍ക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ.സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യല്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവർക്കും നിയന്ത്രണം ബാധകമാവില്ല. കാർഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.