Site icon Malayalam News Live

രണ്ടാഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കണം ഇല്ലെങ്കിൽ ബോംബ് വയ്ക്കും; ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ‘ഊമക്കത്ത് ‘;ഭീഷണി സന്ദേശത്തെ തുടർന്ന് ആശങ്കയിലായി ജീവനക്കാരും അധികൃതരും; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. കഴിഞ്ഞ ദിവസമാണ് പോസ്റ്റുകാര്‍ഡിലൂടെ പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തിയത്.

പേരാമ്പ്ര ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ടതും റോഡുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി.

സംഭവത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് പഞ്ചായത്ത് ഓഫീസിലും പരിസരത്തും വിശദമായ പരിശോധന നടത്തി. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌.ഐ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.

സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്തുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടക്കുന്നതിന് മുന്‍പായാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നതിനാല്‍ ജീവനക്കാരും അധികൃതരും ആശങ്കയിലായിരുന്നു. കാര്‍ഡ് അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version