Site icon Malayalam News Live

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂരമര്‍ദനം; മകന് വെട്ടേറ്റു

മലപ്പുറം: വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം.

വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സാരമായി പരിക്കേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമം തടയാനെത്തിയ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. സംഭവത്തില്‍ വേങ്ങര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചത്.

മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഹമ്മദ് സപ്പര്‍ അസൈന്റെ മകന്‍ ബഷീറിന് 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ല. നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും തിരികെ നല്‍കിയില്ല.

ഇതിന് പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് സപ്പറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ വയോധിക ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി.

Exit mobile version