Site icon Malayalam News Live

ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച്‌ ഇസ്രയേൽ; അമേരിക്ക സൈനിക സഹായം നല്‍കും; ഇസ്രായേല്‍-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി; വ്യോമ-നാവിക സേനകള്‍ക്ക് ‘തയ്യാറെടുപ്പ്’ നിര്‍ദ്ദേശം

ഡൽഹി: ഇസ്രായേല്‍ – പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച്‌ ഇന്ത്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
ഒഴിപ്പിക്കല്‍ നടപടി വേണ്ടിവന്നാല്‍ തയാറെടുക്കാനുള്ള നിര്‍ദ്ദേശം വ്യോമ – നാവിക സേനകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എന്നാല്‍ അത്തരം നടപടി വേണ്ടിവരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സേനകള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യുദ്ധം എത്രനാള്‍ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിര്‍ദേശം നല്‍കിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നേക്കും.

ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ഇന്നലെതന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാര്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്ബറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യാക്കാര്‍ക്ക് ആവശ്യങ്ങള്‍ക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.

Exit mobile version