Site icon Malayalam News Live

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു, രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സി.പി.എം മന്ത്രിയാക്കുന്നത് ഇതാദ്യം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയായി മാനന്തവാടി എംഎൽഎ ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു.

പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക. രാജ്‌ഭവനിൽ വൈകിട്ട് നാലിന് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയും സന്നിഹിതനായിരുന്നു. കുടുംബാംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു മന്ത്രിയായി ഒ ആർ കേളു ചുമതലയേറ്റത്.

ചടങ്ങിനിടെ ഗവർണറും മുഖ്യമന്ത്രിയും പരസ്‌പരം സംസാരിച്ചില്ല. ഗവർണറുടെ ചായസത്‌കാരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. കേളുവിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വയനാട്ടിൽ പടക്കംപൊട്ടിച്ചും അഭിവാദ്യം അർപ്പിച്ചും മറ്റും ആഘോഷം നടന്നു.

പിണറായി മന്ത്രിസഭയിലെ വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് കേളു. ആലത്തൂരിൽ നിന്നു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് പകരമാണ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഏറ്റെടുത്തത്.

രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനുമാണ് നൽകിയിരിക്കുന്നത്.പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സി.പി.എം ആദ്യമായാണ് മന്ത്രിയാക്കുന്നത്.

ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആദിവാസി വിഭാംഗമായ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കേളു നിയമസഭയിലെത്തിയത്.

Exit mobile version