Site icon Malayalam News Live

നഴ്സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി ജീവനൊടുക്കിയത് എന്തിന്? ഒപ്പം താമസിച്ചിരുന്ന കുട്ടികളുടെ മൊഴിയെടുക്കും; പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട്: ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ പോസ്റ്റുമോർട്ടം ഇന്ന്.

കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

രക്ഷിതാക്കളില്‍ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാർത്ഥിനികളില്‍ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കള്‍ കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് എത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ലക്ഷ്മി രാധാകൃഷ്ണൻ ഇന്നലെ ക്ലാസില്‍ പോയിരുന്നില്ല. അസുഖമായതിനാല്‍ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാല്‍ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റല്‍ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകള്‍ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയിലെ ഫാനില്‍ ഷാള്‍കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version