Site icon Malayalam News Live

നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കസ്റ്റഡിയില്‍; ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തില്‍ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്‌ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.

കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാള്‍ പത്തനാപുരം സ്വദേശിയുമാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്.

അമ്മുവിൻ്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു.

സഹപാഠികളായ മൂന്ന്വിദ്യാർത്ഥിനികള്‍ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നല്‍കിയിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലും ചികിത്സ നല്‍കുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.

Exit mobile version