Site icon Malayalam News Live

നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പിടിയിലായവരിൽ കോട്ടയം അയര്‍ക്കുന്നം സ്വദേശിയും

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൂന്ന് വിദ്യാര്‍ത്ഥികളേയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും.

പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാപ്രേരണയും ചേര്‍ത്തിട്ടുണ്ട്.

ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. പത്തനംതിട്ട ചുട്ടിപ്പാറ ഗവ:നഴ്‌സിങ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അമ്മു സജീവ് (22) വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ചത്. തിരുവനന്തപുരം അയിരൂപാറ സ്വദേശിയാണ്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. കുടുംബം പരാതി നല്‍കിയ മൂന്ന് പെണ്‍കുട്ടികളും അമ്മുവും അടുത്ത സുഹൃത്തുക്കളായിരുന്നു.

പെണ്‍കുട്ടികളില്‍ ഒരാളുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചിട്ടുള്ള പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കും അടുത്തറിയാം. അപകട ശേഷം പ്രാഥമിക ചികിത്സ വൈകിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

 

Exit mobile version