Site icon Malayalam News Live

ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഇസ്രായേലിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റു.

 

സ്വന്തം ലേഖകൻ

ടെല്‍ അവീവ്: ഇസ്രായേലിലെ മിസൈലാക്രമണത്തില്‍ മലയാളി നഴ്സിന് പരിക്കേറ്റത് നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ.

കണ്ണൂര്‍ പയ്യാവൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) പരിക്കേറ്റത്. മിസൈല്‍ പൊട്ടിത്തെറിച്ച്‌ ഷീജയുടെ കൈകള്‍ക്കും കാലിനും വയറിനും പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകഴിഞ്ഞ ഷീജ ടെല്‍ അവീവ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷീജയുടെ സുഹൃത്തുക്കളാണ് വിവരം നാട്ടില്‍ അറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഷീജയെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫോണ്‍വഴി വീഡിയോകോളില്‍ കണ്ടിരുന്നെന്നും നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും കുടുംബം അറിയിച്ചു. അഷ്കിലോണില്‍ കെയര്‍ടേക്കര്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലിലാണ് ഷീജ ജോലി ചെയ്യുന്നത്. മിസൈല്‍ ആക്രമണത്തില്‍ ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

 

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭര്‍ത്താവ് ആനന്ദുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുറത്ത് വലിയശബ്ദം കേള്‍ക്കുന്നുണ്ടെന്ന് ഷീജ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇസ്രായേലില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ പെട്ടന്ന് ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഭര്‍ത്താവും വീട്ടുകാരും ഷീജയെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കണക്ടായില്ല. ഏറെ വൈകിയാണ് അപകട വിവരം അറിയുന്നത്.

Exit mobile version