Site icon Malayalam News Live

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്‌പീക്കര്‍

തിരുവനന്തപുരം: ആർ എസ് എസ് – എ ഡി ജി പി ബന്ധവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയുമാണെന്ന് സ്പീക്കർ എ എൻ ഷംസീർ സഭയില്‍ പറഞ്ഞിരുന്നു.
അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ എൻ ഷംസുദ്ദീൻ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തെപ്പറ്റി പരാമർശിച്ചു.

ഇതോടെ ഭരണപക്ഷ എം എല്‍ എമാർ ബഹളം വച്ചു. ഇതുകേട്ട് സ്പീക്കർ ദേഷ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് യാദൃശ്ചികമായിട്ടാണ് അസുഖം വന്നതെന്നും ആർക്കും അസുഖം വരാമെന്നും അതിനാല്‍ ഇത്തരം സംസാരം വേണ്ടെന്നും സ്പീക്കർ താക്കീത് നല്‍കി.

മുഖ്യമന്ത്രിയുടെ അസുഖത്തെ കളിയാക്കിയതല്ലെന്നും ഇത്രയും പ്രധാനപ്പെട്ട ഒരു ചർച്ചയില്‍ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസുദ്ദീൻ മറുപടി നല്‍കി.

നിയമസഭാ സമ്മേളനം ആരംഭിച്ച സമയത്ത് 12 മണിമുതല്‍ രണ്ട് മണിവരെ അടിയന്തര പ്രമേയ ചർച്ച നടത്താൻ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. ഇന്നലത്തെ പോലെയാകരുതെന്ന് പ്രതിപക്ഷത്തെ പ്രത്യേകം ഓർമപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 12 മണിക്ക് ചർച്ച ആരംഭിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കാത്ത കാര്യം സ്പീക്കർ പറഞ്ഞത്.

Exit mobile version