Site icon Malayalam News Live

ഏറ്റുമാനൂരിൽ തീപ്പൊരി തട്ടുകടയിൽ ബീഫിന്റെ ഗ്രേവിയെച്ചൊല്ലി തർക്കം; ഭക്ഷണം കഴിക്കാനെത്തിയവരെ കടയുടമയും കൂട്ടാളിയും ചേർന്നു മർദ്ദിച്ചു; 3 പേർക്ക് പരിക്ക്

ഏറ്റുമാനൂർ: തെള്ളകത്തെ തീപ്പൊരി തട്ടുകടയിൽ ബീഫിന്റെ ഗ്രേവിയെച്ചൊല്ലി തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കടയുടമയും കൂട്ടാളിയും ചേർന്നു മർദ്ദിച്ചെന്നു പരാതി. 3 പേർക്ക് പരിക്ക്.

സംഭവത്തിൽ കടയുടമ തെള്ളകം സ്വദേശി അഷാദ് ശിവൻ (44), കൂട്ടാളി പ്രവീൺ (39) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്തു. തട്ടുകടയിൽ ഞായറാഴ്‌ച രാത്രി പത്തിനാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കോതനല്ലൂർ സ്വദേശികളായ 3 പേർ പൊറോട്ട ഓർഡർ ചെയ്തു.

പൊറോട്ടയ്ക്കൊപ്പം നൽകിയ ബീഫ് ഗ്രേവി പഴകിയതാണെന്നു കഴിക്കാനെത്തിയവർ പറഞ്ഞതോടെ തർക്കമായി.
തുടർന്നു ഭക്ഷണം മതിയാക്കി കോതനല്ലൂർ സ്വദേശികൾ തിരികെപ്പോകാൻ കാറിൽ കയറവേ കടയുടമയും കൂട്ടാളിയും പിന്നാലെയെത്തി മർദ്ദിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

കടയിൽ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരാണു പൊലീസിനെ വിവരമറിയിച്ചത്. അക്രമികളെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version