Site icon Malayalam News Live

യുവതി വീട്ടിൽ പ്രസവിച്ച് തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവത്തിന് പിന്നാലെ കാണാതായ നവജാത ശിശുവിനെ പിന്നീട് വീട്ടിലെ മേശയ്ക്കു മുകളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക(36) ആണ് വീട്ടിൽ പ്രസവിച്ചത്. ഇന്നലെ പകൽ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാർത്തികയ്ക്ക് നാല് മക്കളുണ്ട്. പ്രസവസമയത്ത് രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രമാണ് കാർത്തികയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഈ കുഞ്ഞിന്റെ ശരീരത്തിൽ രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അനീഷിന്റെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് രക്തത്തിൽ കുളിച്ച നിലയിൽ കാർത്തികയെ കട്ടിലിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തിയെങ്കിലും കുഞ്ഞിനെ കൂടെക്കണ്ടിരുന്നില്ല. തുടർന്ന് ആശുപത്രി ജീവനക്കാർ വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് തുണിയിൽ പൊതിഞ്ഞ് മേശയ്ക്കുമുകളിൽ വച്ചിരുന്ന നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരിച്ചിരുന്നു. കാർത്തിക ഗർഭിണിയാണെന്ന വിവരം വീട്ടുകാർ മറച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പ്രസവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Exit mobile version