ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്.

അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്‌ഐആർ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറു വേദനയേ തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്.

 

പ്രാഥമിക പരിശോധനയില്‍ തന്നെ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം യുവതി നിരസിച്ചു. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാൻ നിർദേശം നല്‍കി. പുലർച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.

കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. സംഭവത്തില്‍ വീയപുരം പോലീസ് അന്വേഷണം ആരംഭിച്ചു.