Site icon Malayalam News Live

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് പുന്നമടക്കായലില്‍

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22ന് ശനിയാഴ്ച്ച പുന്നമടക്കായലില്‍ നടക്കും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി ചേർന്ന യോഗത്തിലാണ് തീരുമാനം.

 

എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

 

ഓണാഘോഷ വേളയില്‍ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സഹായകരമാവുമെന്ന് കമ്മിറ്റിയില്‍ പൊതുവായ നിർദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം.

 

ഇത്തവണത്തെ ജലമേളക്ക് കൂടുതല്‍ സ്പോണ്‍സർമാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോണ്‍സർഷിപ്പ് ഏതൊക്കെ വിഭാഗത്തില്‍ വേണമെന്നും ബജറ്റും തുടർന്നുള്ള യോഗത്തില്‍ തീരുമാനിക്കും.

 

നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ജീവകാരുണ്യപ്രവർത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ ജലമേള നടത്തിപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കാൻ കഴിഞ്ഞതായും ചെയർമാനായ ജില്ലാ കളക്ടറുടെ ഇടപെടലാണ് സംഘാടനം മികച്ചതാക്കിയതെന്നും ഇതിന് ജില്ലാകളക്ടറെ അനുമോദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.

 

യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സണ്‍ മോളി ജേക്കബ്, മുൻ എം.എല്‍.എ സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version