ഡൽഹി: നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും. മുൻ ഐഎസ്‌ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശകള്‍ പരിഗണിക്കും.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ പാർലമെന്ററി സമിതിക്ക് മുൻപില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് എൻടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു എന്ന് എൻടിഎ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയില്‍ പാർലമെന്ററി സമിതി അതൃപ്തി രേഖപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ചയില്‍ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പാർലമെന്ററി സമിതിയോട് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടതില്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.ഉന്നത അധികാരികള്‍ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും സമിതി ആവശ്യപ്പെട്ടു.
