Site icon Malayalam News Live

നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് 154 പേര്‍ക്ക് പരിക്ക്; ‘പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ’

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്.

അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്.

80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.

കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച്‌ ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18പേരുമാണ് ചികിത്സയിലുള്ളത്.

കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച്‌ വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

Exit mobile version