Site icon Malayalam News Live

നെടുങ്കണ്ടത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ശ്രീകോവിലില്‍ പ്രവേശിച്ച്‌ വൃത്തിഹീനമാക്കി; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

നെടുങ്കണ്ടം: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതം.

ഇടുക്കി നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ആറു മാസമായി തുറക്കാതിരുന്ന കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. പ്രധാന കാണിക്കവഞ്ചി തകർത്ത് അതിലുണ്ടായിരുന്ന പണം മുഴുവൻ കവർച്ച ചെയ്തു. ശ്രീകോവിലിന്റെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയില്‍ നടന്ന മോഷണം വെള്ളിയാഴ്ച്ച പുലർച്ചെയാണ് ആളുകള്‍ അറിഞ്ഞത്. രാവിലെ ക്ഷേത്ര വാതിലുകള്‍ തകർന്ന നിലയില്‍ കാണപ്പെട്ടതിനെ തുടർന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ ആറ് മാസമായി കാണിക്ക വഞ്ചിയില്‍ നിന്നും പണം എടുത്തിട്ടില്ലായിരുന്നു. അതിനാല്‍ 70,000 രൂപയോളം എങ്കിലും ഉണ്ടായിരിക്കാമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിപ്പൊളിച്ച്‌ ഇവിടെ സൂക്ഷിച്ചിരുന്ന 3,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്.

കൂടാതെ ശ്രീകോവിലിന്റെ വാതിലുകള്‍ കുത്തിപ്പൊളിക്കുകയും അകത്ത് പ്രവേശിച്ച്‌ വൃത്തിഹീനമാക്കുകയും ചെയ്തു.
ക്ഷേത്രക്കമ്മറ്റി ഭാരവാഹികളുടെ പരാതിയെത്തുടർന്ന് നെടുങ്കണ്ടം സി.ഐ ജർളിൻ വി. സ്‌കറിയയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഇവിടെ പരിശോധന നടത്തി. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Exit mobile version