തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നാളെ നടക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം . ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്നു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ആരോപണവിധേയായ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞിന്റെ പിതാവ് ബിനില്‍ കൈക്കൂലി ആരോപണവുമായി എത്തിയതിന് പിന്നാലെയാണ് ഡോക്ടര്‍ ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ സന്തോഷമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കുടുംബം പ്രതികരിച്ചു.
ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഡോക്ടറെ ബിന്ദു സുന്ദറിനെ പുനലൂരിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും കുടുംബം പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. സൂപ്രണ്ടിനെ ഉപരോധിച്ച് പ്രതിഷേധം നടന്നു. പിന്നാലെയാണ് നടപടി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു തീരുമാനം. ആശുപത്രിയ്ക്ക് മുന്നില്‍ വിവിധ രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
