Site icon Malayalam News Live

നിറത്തിന്റെ പേരിൽ ഭർത്താവിൻ്റെ കുറ്റപ്പെടുത്തൽ മൂലം നവവധു ജീവനൊടുക്കിയ സംഭവം; ആത്മഹത്യക്ക് കാരണം ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമെന്ന് ബന്ധുക്കൾ; പോലീസ് മൊഴി രേഖപ്പെടുത്തി

മലപ്പുറം : കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. ഭര്‍ത്താവിന്‍റേയും കുടുംബത്തിന‍്റേയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി.

നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നതായും മരണം സംബന്ധിച്ച് രേഖാ മൂലം പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഷഹാന മുംതാസിന്  നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് നിരന്തരം കളിയാക്കുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്‍റെ വിവരം ഷഹാന തന്നെ നേരിട്ട് പറഞ്ഞത്. വാഹിദിന‍്റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല.

ഷഹാനയുടെ മരണത്തില്‍ കൊണ്ടോട്ടി പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഷഹാനയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടില്‍ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ദിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

കഴിഞ്ഞ മെയ് 27നായിരുന്നു ഷഹാനയും വാഹിദുമായുള്ള നിക്കാഹ് കഴിഞ്ഞത്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് മടങ്ങി.

Exit mobile version