Site icon Malayalam News Live

നവകേരള സദസിന് ഒരുങ്ങി : ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ ആരംഭിച്ചു.

 

തിരുവനന്തപുരം : ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയര്‍ത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ ആരംഭിച്ചു. പരിപാടി സംഘടിപ്പിക്കുന്ന മറൈൻഡ്രൈവ് ഗ്രൗണ്ടില്‍ പന്തല്‍ നിര്‍മാണം പുരോഗമിക്കുകയാണ്. 40000 ചതുരശ്ര അടിയില്‍ 7000 പേര്‍ക്ക് ഇരിക്കാവുന്ന എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പന്തലാണ് നവ കേരള സദസിനായി ഒരുക്കുന്നത്.

പൊതുജനങ്ങള്‍ക്ക് പരാതികള്‍, അപേക്ഷകള്‍, നിവേദനങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കും. ഇതിനായി 25 കൗണ്ടറുകളാണ് ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വീതവും, വനിതകള്‍ക്കായി ഏഴ് വീതവും, മുതിര്‍ന്നവര്‍ക്കായി ഏഴ് വീതവും, പൊതുവിഭാഗങ്ങള്‍ക്കായി ഒമ്ബത് കൗണ്ടറുകളുമാണ് ഒരുക്കുന്നത്. ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങളും അപേക്ഷകളും സമര്‍പ്പിക്കാവുന്നതാണ്. പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം ഉള്‍ക്കൊള്ളിച്ച്‌ തയാറാക്കുന്ന പന്തലില്‍ പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

നവ കേരള സദസിന്റെ ഭാഗമായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്നത്. ഭാഗമായി മ്യൂസിക്കല്‍ ബാൻ്റ് ഷോ, പഞ്ചവാദ്യം മേളം, സെമിനാര്‍, കണ്‍വെൻഷൻ തുടങ്ങി വിപുലമായ പരിപാടികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്നത്. ഡിസംബര്‍ എട്ടിന് വൈകിട്ട് ആറ് മുതല്‍ മറൈൻഡ്രൈവ് ഗ്രൗണ്ടിലാണ് എറണാകുളം മണ്ഡലതല നവകേരള സദസ് സംഘടിപ്പിക്കുന്നത്.

 

Exit mobile version