Site icon Malayalam News Live

നവ കേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് കനത്ത തിരിച്ചടി

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ വിലയിരുത്തൽ അറിയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി. ഇതോടെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സിപിഐഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഹൈക്കോടതി നടപടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ചുള്ള സര്‍വ്വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സര്‍വ്വേ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Exit mobile version