Site icon Malayalam News Live

വനിതാ സംവരണ ബില്ല്; എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു. ഈ അവസരം കളയരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റിമറിയ്ക്കും. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരുമിച്ച് നിന്നാൽ ഇതിഹാസം രചിക്കാമെന്ന് എംപിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ ലോക്‌സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതി പിന്നാക്ക വിഭാഗത്തിലുള്ള താൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. അതിനാൽ വനിതകൾക്ക് സംവരണം ലഭിക്കാനായി എംപിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

Exit mobile version