ന്യൂഡൽഹി : മൻമോഹൻ സിംഗിന്റെ രാജ്യത്തിനായുള്ള സംഭാവനകളും മോദി എടുത്തുപറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നവർക്കായി നടത്തിയ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പരാമർശം. ‘ഇന്ന് ഡോ.മൻമോഹൻ സിംഗിനെ ഓർക്കാൻ ഞാനാഗ്രഹിക്കുന്നു.
അദ്ദേഹം വലിയ സംഭാവനകളാണ് രാജ്യത്തിന് നല്‍കിയത്. ഒരുപാട് വർഷക്കാലം കാലം രാജ്യത്തിനെയും രാജ്യസഭയെയും നയിച്ചതില്‍ അദ്ദേഹം എല്ലാക്കാലവും സ്‌മരിക്കപ്പെടും. വോട്ട് ചെയ്യുന്നതിനായി മൻമോഹൻ സിംഗ് വീല്‍ചെയറില്‍ എത്തിയത് ഞാൻ ഓർക്കുന്നു. തന്റെ കർത്തവ്യങ്ങളെക്കുറിച്ച് ഒരു സഭാംഗം ബോധവാനായിരിക്കുന്നതിന്റെ തെളിവാണിത്’- മോദി കൂട്ടിച്ചേർത്തു.
രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നവർക്കായി രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറുടെ വസതിയിലും പരിപാടി ഒരുക്കിയിട്ടുണ്ട‌്. ഇന്ന് രാവിലെ പത്തുമണിയോടെ രാഷ്ട്രപതി ഭവനില്‍വച്ച് ഗ്രൂപ്പ് ഫോട്ടോ പകർത്തുകയും ചെയ്തിരുന്നു.
ഡല്‍ഹി സർവീസസ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാൻ മൻമോഹൻ സിംഗിനെ വീല്‍ചെയറില്‍ രാജ്യസഭയില്‍ എത്തിച്ചത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് ബിജെപി അന്ന് വിമർശിച്ചത്. 90കാരനായ മൻമോഹനെ ആരോഗ്യം പരിഗണിക്കാതെ പാർലമെന്റിലെത്തിച്ചുവെന്ന് അന്ന് ബിജെപി
ആരോപിച്ചിരുന്നു. ‘കോണ്‍ഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം ഓർക്കും. ഈ അവസ്ഥയില്‍ പോലും ഒരു മുൻ പ്രധാനമന്ത്രിയെ വീല്‍ചെയറില്‍ ഇരുത്തി രാത്രി വൈകി പാർലമെന്റില്‍ എത്തിച്ചു. അതും തങ്ങളുടെ സത്യസന്ധതയില്ലാത്ത കൂട്ടുകെട്ട് നിലനിർത്താൻ വേണ്ടി മാത്രം. അങ്ങേയറ്റം ലജ്ജാകരമാണിത്’- എന്നായിരുന്നു അന്നത്തെ ബിജെപിയുടെ പ്രതികരണം.
