Site icon Malayalam News Live

‘മകനെ അപകീര്‍ത്തിപ്പെടുത്തി’; നാഗചൈതന്യ- സാമന്ത വിവാഹമോചന പരാമര്‍ശത്തില്‍ തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ട സുരേഖക്കെതിരെ നിയമനടപടിയുമായി നടൻ നാഗാര്‍ജുന

തന്റെ മകന്‍ നാഗചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരെ നിയമനടപടിയുമായി നടന്‍ നാഗാര്‍ജുന.

തന്റെ മകനെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുറച്ച് പ്രതികരണം നടത്തിയെന്ന് കാട്ടിയാണ് നാഗാര്‍ജുന പരാതി നല്‍കിയത്. മന്ത്രി പറഞ്ഞ പ്രസ്താവന വ്യാജമാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ തന്റെ മകനെ ഇകഴ്ത്തികാണിക്കലാണ് മന്ത്രി ലക്ഷ്യം വച്ചതെന്നും പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ ലാഭത്തിനായും മനപൂര്‍വം വിവാദം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു.

മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മുന്‍ മന്ത്രിയുമായ കെ ടി രാമറാവുവിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് മന്ത്രി കൊണ്ട സുരേഖ സാമന്ത അക്കിനേനി നാഗചൈതന്യ വിവാഹമോചനത്തെ പറ്റി പരാമര്‍ശിച്ചത്.
നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ കാരണം കെ ടി രാമറാവുവാണെന്നും ഇദ്ദേഹം ഇരുവരുടെയും ഫോണ്‍ ചോര്‍ത്തി അവരെ ചൂഷണം ചെയ്യാറുണ്ടെന്നും പല നടികളെയും ലഹരിക്ക് അടിമകളാക്കി, പലരും സിനിമ വിട്ട് നേരത്തെ വിവാഹിതരാകുന്നതിന് പിന്നിലും രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ വിവാദമായതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും ആരോപണം തള്ളി രംഗത്തെത്തിയിരുന്നു. മാധ്യമശ്രദ്ധ കിട്ടാന്‍ ആരുടെയും വ്യക്തിജീവിതം വച്ച് കളിക്കരുതെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.

നാഗചൈതന്യയുടെ വാക്കുകള്‍:

വിവാഹമോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെ അധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം.
ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തില്‍ രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം.
എന്നിരുന്നാലും അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.
എന്നാല്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ നിന്ന് തന്റെ പേര് മാറ്റിനിര്‍ത്തണമെന്ന് സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
‘ഒരു സ്ത്രീയാകാന്‍, പുറത്തിറങ്ങി ജോലിചെയ്യാന്‍, സ്ത്രീകളെ പരിഗണിക്കാത്ത ഒരു ഗ്ലാമറസ് വ്യവസായത്തില്‍ അതിജീവിക്കാന്‍, പ്രണയത്തിലാകാനും പ്രണയത്തില്‍ നിന്ന് പിന്തിരിയാനും, ഇപ്പോഴും എഴുന്നേറ്റ് നിന്ന് പോരാടാനും….

എല്ലാം ഒരുപാട് ധൈര്യവും ശക്തിയും ആവശ്യമാണ്. ഈ യാത്ര എന്നെ അങ്ങനെയാക്കി മാറ്റിയതില്‍ ഞാന്‍ അഭിമാനിക്കുന്നു, ദയവായി അതിനെ നിസാരവല്‍ക്കരിക്കരുത്, വിവാഹബന്ധം വേര്‍പെടുത്തിയതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന്’ സാമന്ത കുറിച്ചു.

Exit mobile version