Site icon Malayalam News Live

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി

കൊച്ചി: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാന്‍ വനംവകുപ്പിന് അനുമതി നല്‍കിയത്.

കേസില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയതിനെതിരെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി കല്‍പ്പറ്റ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തടികള്‍ ലേലം ചെയ്യാന്‍ വനം വകുപ്പ് വിചാരണ കോടതിയുടെ അനുമതി തേടിയത്. ഈ അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

നാലു കോടി രൂപ മൂല്യം വരുന്ന മരത്തടികള്‍ ലേലം ചെയ്യാന്‍ വനം വകുപ്പിന് തടസമില്ല. ദിവസങ്ങള്‍ക്ക് മുന്‍പ്, പിടിച്ചെടുത്ത തടിക്കഷണങ്ങളുടെ കണക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ പിടിച്ചെടുത്ത തടികളുടെയും മരക്കഷണങ്ങളുടെയും കണക്ക് ഉള്‍പ്പെടുത്തിയ മഹസര്‍ വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തടികള്‍ സര്‍ക്കാരിന്റെതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം കോടതിവിധി വന്നിട്ടുണ്ടെങ്കില്‍ മരങ്ങള്‍ ലേലം ചെയ്യുമെന്നും കേസുമായി മുന്നോട്ടു പോകുമെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

 

വിവാദ ഉത്തരവിന്റെ മറവില്‍ 2020-2021 കാലയളവില്‍ 14 കോടി രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തി എന്ന കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ കുറ്റപത്രം കോടതിയില്‍ എത്തി വിചാരണ തുടങ്ങിയെങ്കിലും വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത 52 കേസുകളില്‍ നടപടി ഇഴഞ്ഞു നീങ്ങുകയാണെന്നും ആക്ഷേപമുണ്ട്.

 

Exit mobile version