Site icon Malayalam News Live

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നു; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പികെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയും മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട് നടക്കും. കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും.

റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. സികെ കാസിം ആയിരിക്കും മത്സരിക്കുക. കുറ്റ്യാടിയില്‍ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എകെഎം അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ ഷംസുദ്ദീനും കളമശ്ശേരിയില്‍ വിഇ അബ്ദുൽ ഗഫൂറും മത്സരിക്കും.

Exit mobile version